എറണാകുളം മുളവുകാടില്‍ മക്കളുടെ ചികിത്സാവശ്യത്തിന് വേണ്ടി അവയവം വില്‍പനക്കെന്ന് കാണിച്ച് മാതാവ് വീണ്ടും തെരുവില്‍. വരാപ്പുഴ സ്വദേശിയായ ശാന്തിയും മക്കളും നേരത്തെ പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടതിനെ തുടര്‍ന്ന് തെരുവില്‍ നിന്ന് മാറിതാമസിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വീണ്ടും തെരുവിലേക്കിറങ്ങിയത്.
വരാപ്പുഴ സ്വദേശി ശാന്തി മക്കളുടെ ചികിത്സക്ക് പണമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മുളവുകാട് കണ്ടെയ്നര്‍ റോഡിന് സമീപത്ത് അവയവങ്ങള്‍ വില്‍പനക്കെന്ന് കാണിച്ച് കുടില്‍ കെട്ടി സമരം ചെയ്തിരുന്നു. തുടര്‍ന്ന് അധികാരികള്‍ ഇവര്‍ക്ക് നിരവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സഹായം ഒന്നും ലഭിച്ചില്ലെന്നും, പണം തന്ന് സഹായിച്ച ചിലര്‍ അത് തിരിച്ച് വാങ്ങിയെന്നും ശാന്തി പറയുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മുപ്പതാം തീയ്യതി മുതല്‍ മക്കളുമൊത്ത് ഇവര്‍ വീണ്ടും തെരുവിലേക്കിറങ്ങിയത്.
ശാന്തിയുടെ അഞ്ച് മക്കളില്‍ മൂന്ന് പേര്‍ രോഗികളാണ്. അപകടത്തില്‍ പരിക്കേറ്റ മൂത്ത മകനും ഏക മകള്‍ക്കും ഓപ്പറേഷന് പണം ആവശ്യമുണ്ട്. എന്നാല്‍ അധികാരികള്‍ സഹായിക്കുന്നതിന് പകരം അപമാനിക്കുകയാണെന്നും ഇവര്‍ പറയുന്നു