India Kerala

വഴിയോര കച്ചവടം ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവ്

വഴിയോര കച്ചവടങ്ങളും നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ കര്‍ശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. പിഡബ്ല്യുഡി റോഡുകള്‍ക്ക് അരികത്തുള്ള കയ്യേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കാന്‍ ഉത്തരവ് ഇറക്കി. ചീഫ് എഞ്ചിനിയറാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതോടെ വഴിയോര കച്ചവടം നടത്തുന്നവര്‍ വലിയ ആശങ്കയിലാണ്.

റോഡുകളുടെ ഇരുവശങ്ങളും കയ്യേറി കച്ചവടം നടത്തുന്നത് റോഡ് വികസനത്തിനും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. വഴിയോര കച്ചവടങ്ങളും കയ്യേറ്റങ്ങളും പൂര്‍ണ്ണമായി ഒഴിപ്പിക്കാനാണ് ചീഫ് എഞ്ചിനിയര്‍ ഇറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ അധീനതയിലുള്ള റോഡുകളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാനാണ് ഉത്തരവില്‍ പറയുന്നത്. അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. 1999 ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. എല്ലാ മാസവും സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം ഉത്തരവ് കര്‍ശനമാക്കാന്‍ തീരുമാനിച്ചതോടെ വഴിയോര കച്ചവടക്കാര്‍ ആശങ്കയിലാണ്. കോവിഡിന് ശേഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധിക്കാതെ നില്‍ക്കുമ്പോള്‍ ഉത്തരവ് നടപ്പാക്കരുതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഒഴിപ്പിക്കല്‍ ആരംഭിച്ചാല്‍ പ്രതിഷേധം നടത്താനും വഴിയോര കച്ചവടക്കാര്‍ ആലോചിക്കുന്നുണ്ട്.