മുട്ടില്‍ കേസ് പ്രതികളുടെ കൈ ശുദ്ധമല്ലെന്ന് ഹൈക്കോടതി. പ്രതികള്‍ വില്‍പനക്കാരുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. 10000 ക്യുബിക് മീറ്റര്‍ ഈട്ടിത്തടി പ്രതികള്‍ എങ്ങനെ സംഘടിപ്പിക്കുമെന്ന് കോടതി ചോദിച്ചു. വില്ലേജ് ഓഫീസര്‍ പ്രതികളുടെ താത്പര്യത്തിനൊപ്പം നിന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് നിരീക്ഷണം. പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. നിലവിലുള്ള നിയമത്തിന് വിരുദ്ധമായി ഉത്തരവിറക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്.
പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ റിസര്‍വ്വ് വനം തന്നെയാണ് പ്രതികള്‍ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയാണ് നടന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
അതേസമയം പട്ടയഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങളുടെ അവകാശം കര്‍ഷകര്‍ക്ക് തന്നെയാണെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രതിപക്ഷ ആരോപണം കര്‍ഷക താത്പര്യം അട്ടിമറിക്കുന്നതിന് വേണ്ടിയെന്ന് മന്ത്രി നിയമസഭയില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മരംമുറിക്കലില്‍ ഉന്നതതല അന്വേഷണം തുടരുകയാണ്. നിയമത്തില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഉള്ളതിനാലാണ് ഉത്തരവിറക്കിയപ്പോള്‍ നിയമോപദേശം തേടാതിരുന്നത്.
അനധികൃത മരംമുറിക്കാരെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. മരങ്ങളുടെ അവകാശം കര്‍ഷകര്‍ക്ക് ലഭിക്കാനായി പുതിയ നിയമ നിര്‍മ്മാണം നടത്തും. ഇപ്പോഴുള്ള പ്രതിപക്ഷ ആരോപണം കര്‍ഷക താത്പര്യം അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും മന്ത്രി ആരോപിച്ചു.