Kerala

പ്രവാസികള്‍ക്കുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു; കോഴിക്കോട് ജില്ലയിലെ 42 കേന്ദ്രങ്ങള്‍ പൂട്ടാന്‍ ഉത്തരവ്

കോര്‍പ്പറേഷന്‍-മുനിസിപ്പാലിറ്റി-പഞ്ചായത്തുകളോട് ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

സംസ്ഥാനത്ത് പ്രവാസികള്‍ക്കായി ഒരുക്കിയിരുന്ന ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടി തുടങ്ങി. കോഴിക്കോട് ജില്ലയിലെ 42 കേന്ദ്രങ്ങള്‍ പൂട്ടാന്‍ കലക്ടറുടെ ഉത്തരവ്. കോര്‍പ്പറേഷന്‍-മുനിസിപ്പാലിറ്റി-പഞ്ചായത്തുകളോട് ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കലക്ടര്‍ക്ക് എങ്ങനെയാണ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ കഴിയകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കലക്ടറുടെ ഉത്തരവിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളെത്തുന്ന ജില്ലകളിലൊന്നായ കോഴിക്കോടാണ് 42 കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്ന ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും റെസിഡന്‍സികളിലെയും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളാണ് പൂട്ടുക.ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.സര്‍ക്കാര്‍ ക്വാറന്‍റൈനിലേക്ക് എത്തുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞുവെന്നതാണ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ പൂട്ടുന്നതിനുള്ള കാരണമായി ഉത്തരവില്‍ പറയുന്നത്.ക്വാറന്‍റൈന്‍ സൌകര്യങ്ങള്‍ കുറവായതിനാല്‍ മണിക്കൂറുകളോളം പ്രവാസികള്‍ നടുറോഡില്‍ കുടുങ്ങികിടന്ന ജില്ലയാണ് കോഴിക്കോട്.തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു.

ഒരു പ്രവാസിയെ പോലും താമസിക്കാത്ത സ്ഥലങ്ങള്‍ ലിസ്റ്റിലുണ്ട്.ക്വാറന്‍റൈനില്‍ ഇപ്പോഴും ആളുകള്‍ കഴിയുന്ന ഇടങ്ങളും 42 ല്‍ ഉള്‍പ്പെടുന്നു. അവര്‍ക്ക് ക്വാറന്‍റൈന്‍ കഴിയുന്നത് വരെ അവിടെ തന്നെ താമസിക്കാനുള്ള സാവകാശം ഉത്തരവ് നല്‍കുന്നുണ്ട്.