Kerala Weather

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കൊല്ലം, പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം,ആലപ്പുഴ,എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലേർട്ട്. ഞായറാഴ്ച 11 ജില്ലകളിലും തിങ്കളാഴ്ച 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മലയോര മേഖലയിൽ മഴ കനത്തേക്കും. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യത.

കേരള, കർണാടക, ലക്ഷ്വദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

കൂടാതെ തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും നിർത്താതെ തുടരുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി മഴ ഇതേനിലയ്ക്ക് ഏതാനും ദിവസങ്ങൾ കൂടി തുടർന്നേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.