പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ വാഹനയാത്രക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കോര്‍പ്പറേഷന്‍ പരിധിയിലെ നൂറോളം വീടുകളിലും കടകളിലും വെള്ളം കയറി
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
കനത്തമഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് കൊച്ചിയിലെ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ വാഹനയാത്രക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കോര്‍പ്പറേഷന്‍ പരിധിയിലെ നൂറോളം വീടുകളിലും കടകളിലും വെള്ളം കയറി.
എന്നാല്‍ കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ മഴക്ക് നേരിയ ശമനമുണ്ട്. കുറ്റ്യാടി ടൌണില്‍ വെള്ളം ഇറങ്ങി. ശക്തമായ മഴയെ തുടര്‍ന്ന് ഏഴ് കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ , കാസര്‍കോട് ,വയനാട് ജില്ലകളിലെ മലയോര മേഖലകളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ തുടരുന്നു.ഇന്നലെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
കോട്ടയം ജില്ലയിലെ മലയോരമേഖലയില്‍ മഴ തുടരുന്നു. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. കോട്ടയം റബ്ബര്‍ ബോര്‍ഡിന് സമീപത്തെ ട്രെയിന്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുകയാണ്.ഇന്നലെ പാളത്തില്‍ മണ്ണിടിഞ്ഞ് വീണിരുന്നു. പണി നടക്കുന്നതിനാല്‍ വേണാട് , ജനശതാബ്ദി എക്സ്പ്രസുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയില്‍ വേ അറിയിച്ചു.
അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 11 മുതല്‍ 20 സെന്‍റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത
പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ അടുത്തമാസം രണ്ടാം തിയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കോട്ടയത്താണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 20 സെന്‍റീമീറ്റര്‍. വൈക്കത്ത് 19 സെന്‍റീമീറ്ററും ചേര്‍ത്തലയില്‍ 18 സെ.മീ മഴയും രേഖപ്പെടുത്തി.