സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മിക്ക ജില്ലകളിലും രാത്രിയിലും അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കോഴിക്കോട് വടകരയിലാണ് ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത്. 21 സെന്‍റീമീറ്റര്‍. തളിപ്പറമ്പില്‍ 17ഉം മൂന്നാറില്‍ 14 സെന്‍റീമീറ്റര്‍ മഴയുമാണ് ലഭിച്ചത്. അരുവിക്കര ഡാമിന്‍റെയും നെയ്യാര്‍ ഡാമിന്‍റെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വാളയാര്‍ ഡാം ഇന്ന് തുറക്കും.
കനത്ത മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി. ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.