India Kerala

ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ ആന്തൂരിൽ പ്രവാസി സംരംഭകന്റെ ആത്മഹത്യക്ക് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് നഗരകാര്യ റീജിണയൽ ഡയറക്ടർ അന്വേഷിക്കുമെന്ന് നഗരകാര്യ വകുപ്പ് മന്ത്രി എ.സി മൊയ്തീനും അറിയിച്ചു.

സി.പി.എമ്മിന് സർവാധിപത്യ മുള്ള ആന്തൂരിലെ മരണത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനു തന്നെയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സി.പി.എം നിയന്ത്രിക്കുന്ന ഭരണ നേതൃത്വമാണ് പ്രവാസിയുടെ കെട്ടിടത്തിന് അനുമതി നൽകുന്നതിന് തടസം നിന്നതെന്ന് സണ്ണി ജോസഫ് എം.എല്‍.എ ആരോപിച്ചു. ജില്ലാ ടൗൺ പ്ലാനർ അപാകത ഇല്ലെന്ന് പറഞ്ഞിട്ടും അനുമതി നൽകിയില്ല. പി. ജയരാജനെ സഹായത്തിനായി സമീപ്പിച്ചതിലെ പ്രശ്നമാണ് നഗരസഭ അധ്യക്ഷയുടെ സമീപനത്തിന് പിന്നിൽ. പ്രവാസിയുടെ ആത്മഹത്യയെ വളരെ ഗൗരവമായി പരിഗണിക്കുന്നതെന്നും ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

ഇതേ പ്രവാസിയുടെ വില്ലകൾക്ക് നഗരസഭ അനുമതി നൽകിയത് ചൂണ്ടിക്കാട്ടി രാഷ്ട്രീയ വിവേചനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ വിശദീകരിച്ചു. നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്ന പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവത്തിൽ ഉന്നതതല പൊലീസ് അന്വേഷണം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നറങ്ങി പോയി.