കെ.എസ്.യു മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാൻ സ്പീക്കര്‍ അനുമതി നല്കി.
നെടുങ്കണ്ടം കസ്റ്റഡി മരണത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. നെടുങ്കണ്ടം സ്റ്റേഷനില്‍ മര്‍ദ്ദനം കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ആളുകളെ കൊന്നാൽ സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും പൊലീസിലെ അരുതായ്മകള്‍ കണ്ടെത്തി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. പ്രതിപക്ഷം ചെയറിനെ ഭീഷണിപ്പെടുത്തുകയാണെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ചെയറില്‍ നിന്ന് എഴുന്നേറ്റ് നിന്നാണ് സഭ നിയന്ത്രിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.