പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സോളാർ വിഷയം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന പ്രതിപക്ഷം ശൂന്യവേളയിൽ സഭയിൽ ഉന്നയിക്കും. സിപിഐഎമ്മും മുഖ്യമന്ത്രിയും മാപ്പു പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഷാഫി പറമ്പിൽ എം.എൽ.എയാണ് നോട്ടീസ് അവതരിപ്പിക്കുക.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ഗൂഡാലോചന നടത്തിയെന്ന് സിബിഐ റിപ്പോർട്ട് വന്നിരുന്നു. എന്നാലിത് ശരണ്യ തള്ളിയിരുന്നു. പരാതിക്കാരി എഴുതിയ യഥാർത്ഥ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്നും ഇക്കാര്യം താൻ തന്നെ സിബിഐയിൽ പറഞ്ഞതാണെന്നും, പിന്നെങ്ങനെയാണ് തന്റെ പേര് സിബിഐ ഗൂഡാലോചനയിൽ ഉൾപ്പെടുത്തിയതെന്നും ശരണ്യ ട്വന്റിഫോറിനോട് ചോദിച്ചു.
പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോയില്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തൽ. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കൈവശപ്പെടുത്തുകയായിരുന്നുവെന്നും ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നുമാണ് സിബിഐ പറയുന്നത്. ഈ കണ്ടെത്തലിനെതിരെയാണ് നിലവിൽ ശരണ്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കെ ബി ഗണേഷ്‌കുമാർ എം എൽ എ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചിരുന്നു. സോളാർ കേസിൽ നടന്നത് ക്രൂരമായ ഗൂഢാലോചനയാണ്. യുഡിഎഫിലേക്ക് മടങ്ങിവരാൻ നോക്കുന്നുണ്ടെങ്കിൽ അത് അനുവദിക്കില്ല.ഉമ്മൻ ചാണ്ടിക്കെതിരെ ഇതുപോലെ ക്രൂരമായ വേട്ടയാടൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല.
ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാർ കേസിലെ ഉമ്മൻ ചാണ്ടി സാറിനെതിരായ വ്യാജ ആരോപണങ്ങൾ. ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.