രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന സംസ്ഥാന സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷം. സംസ്ഥാന സര്‍ക്കാരിന്‍റേത് ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ഷകരെ അവഗണിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്ന് കയറ്റമാണ് കാര്‍ഷിക ബില്ലെന്ന് നേരത്തെ മന്ത്രിസഭ യോഗം വിലയിരുത്തിയിരുന്നു. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമായ കൃഷിയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്നാണ് സര്ക്കാരിന് ലഭിച്ച നിയമോപദേശം.
നേരത്തെ കേന്ദ്രം കൊണ്ടുവന്ന അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി ആക്ട് കേരളവും ബിഹാറും അടക്കം എട്ട് സംസ്ഥാനങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ രാജ്യസഭ പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകും എന്ന നിയമോപദേശവും അനുകൂലമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.