Kerala

‘വേണം രാജി..’: ഏഴാം ദിവസവും പ്രതിപക്ഷ പ്രതിഷേധം

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച എം.എല്‍.എമാര്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്തു.

കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷ പ്രതിഷേധം. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച എം.എല്‍.എമാര്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. ആലപ്പുഴയിലും ഇടുക്കിയിലും മലപ്പുറത്തും ലാത്തി ചാര്‍ജ് നടന്നു.

ആലപ്പുഴയിൽ ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച കെ.എസ്.‌യു പ്രവർത്തകർക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്. സംഘർഷത്തിൽ അഞ്ചുപ്രവർത്തകർക്ക് പരിക്കേറ്റു. ഇടുക്കി നെടുംങ്കണ്ടത്ത് സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെയും പോലീസ് ലാത്തി വീശി.

കോട്ടയത്ത് കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും നടത്തിയ മാര്‍ച്ചിലും സംഘർഷമുണ്ടായി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിന് മുന്നിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, ശബരീനാഥൻ എന്നിവരുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എം.എൽ.എമാരെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

അതേസമയം ജലീലിന്റെ രാജി ആവശ്യപ്പെട്ട് മലപ്പുറം കോട്ടപ്പടിയിൽ യൂത്ത് ലീഗ് റോഡ്‌ ഉപരോധിച്ചു. സെക്രട്ടറിയേറ്റിലേക്ക് കർഷക മോർച്ചയും ആലപ്പുഴ കളക്ട്രേറ്റിലേക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റിയും മാർച്ച് നടത്തി.