Kerala

ഇന്ധന വില വർധന; സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി പ്രതിപക്ഷ നേതാക്കൾ

ഇന്ധന വിലവർധനയ്‌ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. നിയമസഭയിലേക്ക് സൈക്കിളിലെത്തിയാണ് പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം രേഖപ്പെടുത്തിയത്. കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറച്ച് ഇന്ധന വില കുറയ്ക്കണമെന്നാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

മുൻപും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയിൽ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറയ്ക്കുകയുമില്ലെന്നാണ് സർക്കാർ നിലപാട്.

സമരം വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഇന്ന് ഇന്ധന നികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുക.

സംസ്ഥാനം നികുതി കുറയ്ക്കുന്നതിലൂടെ ഇന്ധന വിലയിൽ ഏഴ് രൂപയോളം വ്യത്യാസം വരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിഗമനം.