Kerala

മുല്ലപ്പെരിയാർ വിഷയം നിയമസഭയിൽ; സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന താത്‌പര്യം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ. സുപ്രിം കോടതിയിലെ ഇടപെടൽ കാര്യക്ഷമമായില്ലെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. അതേസമയം പുതിയ അണക്കെട്ട് ആവശ്യം പലതവണ കേന്ദ്രത്തെ അറിയിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സഭയെ അറിയിച്ചു. പുതിയ ഡാമിന്റെ വിശദപദ്ധതിരേഖ തയ്യാറാക്കി സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ സർക്കാർ ഏൽപ്പിച്ചിട്ടുണ്ട്. അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന വിവിധ പഠന റിപ്പോർട്ടുകളും സാർക്കാർ സുപ്രിം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നൽകണമെന്നും കേരളം സുപ്രിംകോടതിയിൽ വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്‌നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.