Kerala

കോടിയേരി ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി സമ്മര്‍ദം ശക്തമാക്കി പ്രതിപക്ഷം

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സമ്മർദം ശക്തമാക്കി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോടിയേരി മാറി നിന്നത് മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് കെ.പി.എ മജീദും പറഞ്ഞു.

കോടിയേരി സ്ഥാനം ഒഴിഞ്ഞെന്ന വാർത്ത എ.കെ.ജി സെൻ്ററിൽ നിന്ന് ഔദ്യോഗികമായി പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷ നേതാക്കൾ ഒരേ സ്വരത്തിൽ ആവർത്തിച്ചു. കോടിയേരിയുടെ രാജി കോൺഗ്രസ്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നവെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.

കോടിയേരി സ്ഥാനം ഒഴിഞ്ഞത് നേരത്തെ ആകാമായിരുന്നു വെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. പാർട്ടിക്കും സർക്കാരിനും എതിരെ ഉയർന്ന് വന്നത് ആരോപണങ്ങളല്ല, യാഥാർത്യങ്ങളാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സിപിഎമ്മിന്റെ ശക്തി കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും അത് പ്രതിഫലിക്കുമെന്നും മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിപറഞ്ഞു.