സംസ്ഥാന സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം. എംസി കമറുദ്ദീന്‍റെ അറസ്റ്റുൾപ്പടെയുള്ള നടപടികളെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിപക്ഷം ഇത്തരമൊരു വാദഗതി ഉയർത്തുന്നത്. അതേസമയം, എല്ലാ അന്വേഷണവും ലക്ഷ്യത്തിലെത്തിയാൽ ഒരു ഡസനിലധികം യുഡിഎഫ് എംഎൽഎമാർ കുടുങ്ങുമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.
എം.സി കമറുദ്ദീന് പിന്നാലെ കൂടുതൽ യു.ഡി.എഫ് എം.എൽ.എമാർക്കും നേതാക്കൾക്കെതിരായ കേസുകൾ എൽ.ഡി.എഫ് സർക്കാർ പൊടി തട്ടിയെടുക്കുന്നതായ റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം യുഡിഎഫ് ഉന്നയിക്കുന്നത്.
എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്ത നടപടിയെ ഉദാഹരണമായി യു.ഡി.എഫ് നേതാക്കൾ വിശദീകരിക്കുനനു. കച്ചവടത്തിൽ നഷ്ടം ഉണ്ടായത് തുടർന്ന് നിക്ഷേപകർക്ക് പണം നൽകാത്തതാണ് സംഭവം. എന്നാൽ ഗുരുതര വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുന്നു. അറസ്റ്റ് വിവരം പോലീസ് തന്നെ നേരത്തെ മാധ്യമങ്ങൾക്കുമുന്നിൽ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് സോളാർ കേസ് പ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തി യുഡിഎഫ് എംഎൽഎമാരെ ലക്ഷ്യമിട്ട് നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. എല്‍.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകളും ഈ നീക്കത്തിലേക്ക് സൂചന നല്കുന്നതായി യുഡിഎഫ് നേതാക്കള്‍ പറയുന്നു.
ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ് ദിവസം ബാലാവകാശ കമ്മീഷന്‍റെയും പോലീസിന്‍റെയും ഇടപെടലും മറ്റൊരുദാഹരണമായി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വർണ്ണക്കടത്ത്, ബിനീഷിനെതിരായ കേസ് എന്നിവയിൽ എൽഡിഎഫ് കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണം സംസ്ഥാന സർക്കാരിനെതിരേ ഉന്നയിക്കുന്നത് എൽഡിഎഫിന് പ്രതിരോധത്തിലാക്കുമെന്നും യുഡിഎഫ് കരുതുനനു.