പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ടിന്‍റെ പേരിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് സി.പി.എം നീക്കം. റിപ്പോർട്ടിൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ക്രമക്കേടുകൾ ആണ് കൂടുതലെന്ന് പറയുക വഴി പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കളെ ലക്ഷ്യമിടുകയാണ് സി.പി.എം.
സി.എ.ജി റിപ്പോർട്ടിൽ പൊലീസിനെതിരെ കണ്ടെത്തിയ ക്രമക്കേടുകൾ മുഖ്യമന്ത്രി കൂടി അറിഞ്ഞിട്ടുണ്ടായതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുക വഴി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുകയായിരുന്നു പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രം.എന്നാൽ പ്രതിപക്ഷ നീക്കത്തിന് അതേ നാണയത്തിൽ മറുപടി നൽകാനാണ് സി.പി.എം നീക്കം. റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് ചോർന്നുവെന്ന് ആരോപിക്കുക വഴി പ്രതിപക്ഷവും സിഎജിയും തമ്മിലുള്ള ബന്ധത്തിലേക്ക് സി പി എം വിരൽ ചൂണ്ടുന്നത്. ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സിഎജിയെ കൂടി സമ്മർദ്ദത്തിലാക്കാനാണ് സി.പി. എം ശ്രമം.
റിപ്പോർട്ടിൽ കൂടുതൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ക്രമക്കേടുകൾ ആണെന്ന് പറയുന്ന സി.പി.എം പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. നാല് ഡി.ജി.പിമാരുടെ കാലത്തെ ക്രമക്കേടുകൾ ആണ് സി.എ.ജി ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നും ഇതിൽ മൂന്ന് ഡി.ജി.പിമാരും യു.ഡി. എഫ് കാലത്ത് ആയിരുന്നുവെന്നുമാണ് സി.പി.എം നേതാക്കൾ പറയുന്നത്. അത് കൊണ്ട് തന്നെ വിശദ പരിശോധന നടത്തിയാൽ പ്രതിക്കൂട്ടിലാവുന്നത് യു.ഡി.എഫ് ആയിരിക്കുമെന്ന കണക്ക് കൂട്ടലിലാണ് സി.പി.എം നേതൃത്വം.