India Kerala

ഓഫീസിലെ മേശയില്‍ നിന്ന് ഉത്തരക്കടലാസകള്‍ മോഷ്ടിച്ചു, യൂണിവേഴ്സിറ്റി കോളേജ് കേസ് പ്രതി ശിവരഞ്ജിത്ത് മൊഴിമാറ്റി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലും നിന്ന് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ശിവരഞ്ജിത്തിനെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് സി.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശിവരഞ്ജിത്തിനെ ചോദ്യം ചെയ്തത്. കോടതി ഉത്തരവ് പ്രകാരം ജയില്‍ സൂപ്രണ്ട് ഓഫീസിനോട് ചേര്‍ന്നുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നായിരുന്നു ചോദ്യം ചെയ്യല്‍.

എന്നാല്‍, നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് ചോദ്യം ചെയ്യലില്‍ ശിവരഞ്ജിത്ത് പറഞ്ഞിരിക്കുന്നത്. സര്‍വകലാശാലയില്‍ നിന്ന് വാഹനത്തില്‍ കോളേജില്‍ ഇറക്കുന്നതിനിടെ ഉത്തരക്കടലാസ് കെട്ടുകള്‍ അപഹരിച്ചുവെന്നാണ് കന്റോണ്‍മെന്റ് പൊലീസിനോട് ശിവരഞ്ജിത്ത് മുമ്ബ് വെളിപ്പെടുത്തിയത്. എന്നാല്‍, യൂണിവേഴ്സിറ്റി കോളേജ് ഓഫീസിലെ മേശയില്‍ നിന്ന് താന്‍ ഉത്തരക്കടലാസകള്‍ മോഷ്ടിച്ചു എന്നാണ് പുതിയ മൊഴി. മൊഴികളിലെ ഈ വൈരുദ്ധ്യംകാരണം ഇവ വിശകലനം ചെയ്തശേഷം ശിവരഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമുള്ള ആലോചനയിലാണ് അന്വേഷണ സംഘം.

യൂണിവേഴ്സിറ്റി കോളേജില്‍ അഖിലെന്ന വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് കോളേജിനുള്ളിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസിലും ശിവരഞ്ജിത്തിന്റെ വീട്ടിലും നിന്നാണ് കേരള സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. ഉത്തരക്കടലാസിനൊപ്പം ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ ഓഫീസ് സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. ഇതില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സര്‍വകലാശാലയുടെ സീരിയല്‍ നമ്ബറും കോഡ് നമ്ബറും 22 പേജുകളുമുള്ള 16 ബുക്ക്‌ലെറ്റുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ പതിവായി കടത്തിയിരുന്നു എന്നാണ് ശിവരഞ്ജിത്ത് ആദ്യം നല്‍കിയ മൊഴി.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 320548 സീരിയല്‍ നമ്ബരിലുള്ള ഉത്തരക്കടലാസ് 2015 നവംബറില്‍ സര്‍വകലാശാലയില്‍ നിന്ന് യൂണിവേഴ്സിറ്റി കോളേജ് കൈപ്പറ്റിയ 15 കെട്ടുകളില്‍ ഉള്‍പ്പെടുന്നതാണെന്നും 359467 എന്ന സീരിയല്‍ നമ്ബരിലുള്ളത് 2016 ഏപ്രിലില്‍ കൈപ്പറ്റിയ 25 കെട്ടിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍വകലാശാലയില്‍ നിന്ന് യൂണിവേഴ്സിറ്റി കോളേജിലേക്ക് കൈമാറിയ ഉത്തരക്കടലാസുകളാണ് ഇവയെന്ന് പരീക്ഷാ കണ്‍ട്രോളറും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പരീക്ഷയില്‍ കോപ്പിയടിക്കാനായി ശിവരഞ്ജിത്ത് സൂക്ഷിച്ചിരുന്നതാണ് ഇവയെന്നാണ് കരുതുന്നത്. പി.എസ്.സി പരീക്ഷാക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അക്കാ‌ഡമിക് കഴിവുകള്‍ വിലയിരുത്താനായി ശിവരഞ്ജിത്തിന്റെ സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ സിനിമാപ്പാട്ടും പ്രേമലേഖനവുമാണ് കണ്ടെത്തിയിരുന്നത്.

ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ശിവരഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും ഉത്തരക്കടലാസ് മോഷണത്തില്‍ യൂണിവേഴ്സിറ്റി കോളേജ് ജീവനക്കാരുള്‍പ്പെടെ മറ്റാര്‍ക്കും പങ്കില്ലെന്ന മറുപടിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. തുടര്‍ന്നാണ് കഴിഞ്ഞദിവസം വീണ്ടും ചോദ്യം ചെയ്തത്. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസില്‍ ജാമ്യം ലഭിച്ചെങ്കിലും പി.എസ്.സി പരീക്ഷാക്രമക്കേട് കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ശിവരഞ്ജിത്ത്.