സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിൽ വിജിലൻസ് നടത്തിയ റെയഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ജീവനക്കാർ മദ്യം പുറത്തേക്ക് കടത്തുന്നതായും സർക്കാരിന്റെ ഫണ്ട് വെട്ടിക്കുന്നതായും വ്യക്തമായി. 70 പേർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യും.
വിജിലൻസ് മേധാവി എ.ഡി.ജി.പി അനിൽ കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഓപ്പറേഷൻ സ്വീപ്പിന് തുടക്കം കുറിച്ചത്. രാത്രി 8 മണിയോടെ സംസ്ഥാനത്തെ 150ഓളം വിദേശ മദ്യഷോപ്പുകളിൽ ഒരേ സമയം റയിഡ് നടത്തി. ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്താനായത്. പല മദ്യഷോപ്പുകളിലും ജീവനക്കാർ മദ്യം പുറത്തു കടത്തുന്നത് വ്യക്തമായി.
ഉപഭോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായും ഷോപ്പുകളിലേക്ക് സർക്കാർ അനുവദിച്ച ഫണ്ട് ജീവനക്കാർ വീതം വച്ചെടുക്കുന്നതും കണ്ടെത്തി. പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത്. പ്രത്യക്ഷത്തിൽ കുറ്റം കണ്ട 70 ജീവനക്കാർക്ക് എതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്യും. ഇന്നലെ ആരംഭിച്ച റയിഡ് പുലർച്ചെ 2 മണി വരെ നീണ്ടു. ഇടപാടുകളിൽ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. റിപ്പോർട്ട് വിജിലൻസ് മേധാവിക്ക് നാളെ കൈമാറും.