സംസ്ഥാനത്ത് ഗണ്ടകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. ഓപ്പറേഷൻ ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം നൽകി ഡിജിപി. പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥർക്ക് വിഭജിച്ച് നൽകും. സാമ്പത്തിക ഇടപാടുകളിൽ പരിശോധന. സഹായികളെയും നിരീക്ഷിക്കും.
മുന്നൂറിലേറെ പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. കരുതൽ തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കും. ഓപ്പറേഷൻ ആഗ് എന്ന പേരിൽ തുടങ്ങിയ ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായിട്ടാണ് സംസ്ഥാന വ്യാപക നടപടി.
കാപ്പ ചുമത്തി നാട് കടത്തിയ ശേഷവും തിരിച്ചെത്തിയവർ, കാപ്പ ചുമത്താൻ തീരുമാനമായിട്ടും മുങ്ങി നടക്കുന്നവർ, പിടികിട്ടാപ്പുള്ളികൾ, വാറണ്ട് പ്രതികൾ, ലഹരി വിൽപ്പനക്കാർ തുടങ്ങിയവരെയാണ് പ്രധാനമായും പിടികൂടുന്നത്. പിടികൂടിയ എല്ലാവരേയും ജയിലിലടക്കില്ല. പിടികിട്ടാപ്പുള്ളികളേയും ജാമ്യമില്ലാകേസിലെ പ്രതികളേയുമാണ് റിമാൻഡ് ചെയ്യുന്നത്.
മറ്റുള്ളവരെ 24 മണിക്കൂർ കരുതൽ തടങ്കലിൽ വച്ച് വിവരങ്ങൾ ശേഖരിച്ചതിന് ശേഷം വിട്ടയക്കും.അപകടകാരികളായ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള 50 ശതമാനത്തിലേറെ ആളുകളേയും പിടികൂടാനായെന്നാണ് പൊലീസ് പറയുന്നത്.