പോലീസ് വിവേചനപരവും ജനാധിപത്യവിരുദ്ധവുമായി പെരുമാറുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റക്ക് ഫ്രറ്റേർണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീമിന്റെ തുറന്ന കത്ത്. സംസ്ഥാന പൊലീസ് മേധാവിയായ താങ്കളിൽ നിന്നും ലഭിച്ച പെര്‍മിഷനോട് കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ മാസം ഒന്നിന് സാഹോദര്യ രാഷ്ട്രീയ ജാഥ തിരുവനന്തപുരത്ത് നിന്നാരംഭിച്ചതെന്നും എന്നാൽ ആദ്യദിനം മുതല്‍ കേരള പോലീസ് ജാഥയോട് തീര്‍ത്തും വിവേചനപരവും ജനാധിപത്യവിരുദ്ധവുമായാണ് പെരുമാറിക്കൊണ്ടിരിക്കുന്നതെന്നുമാണ് കത്തിലെ ആരോപണം.
തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിന് ഗേറ്റിന് മുന്നില്‍ ജാഥയെ ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കാതെ പോലീസ് തടഞ്ഞു നിറുത്തിയെന്നും യാതൊരു പ്രകോപനമോ കാരണമോ കൂടാതെ പോലീസ് ക്രൂരമായ ആക്രമണങ്ങൾ അഴിച്ചു വിട്ടുവെന്നും കത്തിൽ പറയുന്നു. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിനെ ഗേറ്റിനു പുറത്തു വെച്ചും തുടർന്ന് പോലീസ് വാഹനത്തിനകത്തിട്ടും പോലീസ് മർദിച്ചുവെന്നും കത്ത് ആരോപിക്കുന്നു. മഹാരാജാസ് കോളേജിന് മുന്നിൽ പോലീസ് ആക്ഷന് നേതൃത്വം കൊടുത്തത് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നുവെന്നും ഒരു ചർച്ചക്ക് പോലും അദ്ദേഹം സന്നദ്ധമായിരുന്നില്ലെന്നും കത്തില്‍ പറയുന്നു.
ക്രിമിനലിസം അഴിച്ചു വിടുന്നവർക്കെതിരിൽ നടപടികൾ സ്വീകരിക്കുകയും ജനാധിപത്യ മര്യാദകൾ പാലിക്കുന്നവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യേണ്ട കേരള പോലീസ് അഭിമാനബോധവും വിവേചന ബുദ്ധിയോട് കൂടിയുള്ള സ്വാതന്ത്രാധികാരവും പണയപ്പെടുത്തിയിരിക്കുന്നുവെന്നും കത്ത് ആരോപിക്കുന്നു. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജാഥയുടെ വരുംനാളുകളിൽ പോലീസിന്റെ ഈ പക്ഷപാതപരമായ നിലപാടുകൾ തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ജനാധിപത്യ സംവിധാനത്തിൽ ഭയമോ പ്രീണനമോ കൂടാതെ എക്സിക്യൂട്ടീവിന്റെ നിഷ്പക്ഷത ഉയർത്തിപ്പിടിക്കാനും പൊലീസിലുള്ള വിശ്വാസ്യതയ്ക്ക് ഭംഗം വരുത്താതിരിക്കാനും താങ്കൾക്ക് കഴിയട്ടെ എന്നാഗ്രഹിക്കുന്നുവെന്നു പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. കത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം