Kerala

ഇടുക്കി ഡാം ഉടൻ തുറക്കണം : ഡീൻ കുര്യാക്കോസ് എംപി

അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. 2385 അടിയിൽ ൽ ജലനിരപ്പ് നിജപ്പെടുത്തണമെന്നും കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും ഇടുക്കി എംപി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ട നടപടിയുണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ( open idukki dam says dean kuriakose )

മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമിൽ ഇന്ന് പുലർച്ചെ തന്നെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയർന്നാൽ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിടണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.86 അടി ആയതോടെയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുൾപ്പെടെ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പുയർന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.

അതിനിടെ ഇന്ന് രാവിലെ 11 മണിയോടെ കക്കി ആനത്തോട് ഡാം തുറന്നു. നാല് ഷട്ടറുകളിൽ 2 എണ്ണമാണ് തുറക്കുക. 100 മുതൽ 200 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയിൽ 1015 സെന്റിമീറ്റർ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ മുന്നറിയിപ്പ് നൽകി. മിതമായ തോതിലാകും ജലം തുറന്നുവിടുകയെന്ന് ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ അറിയിച്ചു.