1.06 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2020 ഡിസംബറില്‍ പൂര്‍ത്തീകരിക്കും
കൊച്ചി നഗരത്തിൽ പൊതു ഇടങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫോര്‍ട്ട് കൊച്ചിയില്‍ ഗ്രീന്‍ ഓപ്പണ്‍ എയര്‍ തിയറ്റര്‍ നിര്‍മാണം ആരംഭിച്ചത്. കൊച്ചി സ്മാർട്ട് മിഷന്റെ ഭാഗമായാണ് നിര്‍മാണം. ഫോർട്ട് കൊച്ചിയിലെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സോണൽ ഓഫീസ് പരിസരത്തെ 385 ചതുരശ്ര മീറ്റർ സ്ഥലത്താണ് അത്യാധുനിക ഓപ്പൺ എയർ തിയേറ്ററായി വികസിപ്പിക്കുന്നത്. 1.06 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ്.
വിവിധ പഠനങ്ങളനുസരിച്ച് കൊച്ചി നഗരത്തില്‍ തുറന്ന ഹരിത ഇടങ്ങൾക്കും പാർക്കുകൾക്കുമുള്ള വിഹിതം ആവശ്യമുള്ളതിനേക്കാൾ വളരെ കുറവാണ്. കോർപ്പറേഷൻ ഏരിയയുടെ ഒരു ശതമാനത്തിൽ താഴെയാണ് നിലവില്‍ തുറന്ന ഹരിത ഇടങ്ങളായുള്ളത്. ഇത് പരിഹരിക്കുന്നതിനോടൊപ്പം ഓപ്പണ്‍ എയര്‍തിയറ്ററിലൂടെ ഒരു സാംസ്കാരിക ഇടം കൂടി വളര്‍ത്തികൊണ്ടുവരികയാണ് സ്മാര്‍ട്ട് മിഷന്‍ ലക്ഷ്യമിടുന്നത്.
228 പേർക്ക് ഇരിക്കാവുന്ന പൊതുസമ്മേളനങ്ങൾ നടത്താനുള്ള സൌകര്യങ്ങളോടെയാണ് ഓപ്പൺ എയർ തിയേറ്റർ രൂപകൽപ്പന ചെയ്തിട്ടുണ്ട്. കായലുകളുടെ മനോഹരമായ കാഴ്ചയുടെ ഇവിടെ നിന്ന് ആസ്വദിക്കാനാവും. 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.