മലപ്പുറത്തെ ഊരകം മലയുടെ താഴ്‌വാരത്ത് ജനങ്ങൾ കഴിയുന്നത് ഭീതിയോടെയാണ്. ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം വലിയ ദുരന്തം വരുത്തിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഊരകം കണ്ണമംഗലം വേങ്ങര മൊറയൂർ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ഊരകം മലയില്‍ നൂറുകണക്കിന് ചെറുതും വലുതുമായ ക്വാറികളാണ് പ്രവർത്തിക്കുന്നത്. അയ്യായിരത്തിനടുത്ത കുടുംബങ്ങളാണ് മലയുടെ താഴ്‍വാരങ്ങളിൽ ഭീതിയോടെ കഴിയുന്നത്. തിങ്ങിപ്പാർക്കുന്നത്.
മഴ ശക്തമായി പെയ്താൽ, മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത്. ഇവിടെയാണ് മലയുടെ മുക്കിലും മൂലയിലും കൂണുപോലെ ക്വാറികൾ ജന ജീവിതത്തിന് ഭീഷണിയാകുന്നത്. മഴ തോർന്നാൽ പോലും നീർച്ചാലുകൾ കാണാമായിരുന്ന പ്രകൃതി സുന്ദരമായ ഊരകം മലയിൽ പക്ഷേ ഇപ്പോൾ ആ കാഴ്ചയില്ല. തുരന്നെടുക്കുന്ന പാറക്കെട്ടുകൾക്കിടയിൽ വെള്ളം ഭൂമിയിലേക്ക് സംഭരിക്കപ്പെടുന്നു. പാറ പൊട്ടിക്കുന്ന സ്ഫോടനത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. മലമുകളിലെ ക്വാറികൾ വെള്ളം ശേഖരിക്കാൻ ഉണ്ടാക്കിയ തടയണ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ഇത്രയേറെ പ്രകൃതി ചൂഷണം ഉണ്ടായിട്ടും വലിയ ദുരന്തം മുന്നിൽ കണ്ടിട്ടും പ്രദേശവാസികൾക്ക് പ്രതികരിക്കാൻ ഭയമാണ്. നേരിടുന്ന ഭീഷണി തന്നെയാണ് പ്രധാന കാരണം.