India Kerala

ജന്മനാട്ടിലേക്ക് കുഞ്ഞൂഞ്ഞിന് മടക്കം; സംസ്‌കാര ചടങ്ങിന്റെ സമയം വൈകില്ലെന്ന് കെ സി ജോസഫ്


അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാണ് സംസ്‌കാരം നടക്കുക. ജന്മനാടായ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും.

സംസ്‌കാര ചടങ്ങുകളുടെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് കെ സി ജോസഫ് അറിയിച്ചു. വൈകിട്ട് മൂന്നരയോടെ ശുശ്രൂഷകള്‍ തുടങ്ങും. നാലരയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. അഞ്ച് മണിക്ക് അനുശോചന സമ്മേളനം ആരംഭിക്കുമെന്നും കെ സി ജോസഫ് 24നോട് പറഞ്ഞു.

ചങ്ങനാശേരി എസ് ബി കോളജിനടുത്തേക്ക് വിലാപയാത്ര എത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനമുള്ള ചങ്ങനാശേരിയില്‍ പ്രിയ നേതാവിനെ ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് രാത്രി മുഴുവന്‍ കാത്തിരുന്നത്. പുലര്‍ച്ചെയും ഈ കാത്തിരിപ്പ് തുടരുകയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബംഗളൂരുവില്‍ വച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.