Kerala

ഉമ്മന്‍ചാണ്ടിയെ നായകനാക്കുമ്പോള്‍ ഹൈക്കമാന്‍ഡിന് ലക്ഷ്യങ്ങളേറെ..


ഉമ്മൻചാണ്ടിയെ മുന്‍നിർത്തി ഹൈക്കമാന്‍ഡ് പയറ്റുന്നത് ദ്വിമുഖ തന്ത്രം. എ ഗ്രൂപ്പിനെ കളത്തിലിറക്കുന്നതിനോടൊപ്പം യുഡിഎഫില്‍ നിന്നും അകന്ന സാമൂഹിക വിഭാഗങ്ങളെ തിരികെ എത്തിക്കാനും കഴിയുമെന്ന് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങിയാൽ സംസ്ഥാനത്തെ പ്രബല ഗ്രൂപ്പായ എ വിഭാഗം മനസറിഞ്ഞ് കളത്തിലിറങ്ങില്ലെന്ന് ഹൈക്കമാന്‍ഡിന് അറിയാം. പ്രവർത്തനങ്ങൾ ഏകോപിക്കാൻ എ ഗ്രൂപ്പിനുള്ള ശേഷി മറ്റാർക്കുമില്ല. ഉമ്മൻചാണ്ടി തേര് തെളിക്കുമ്പോൾ എണ്ണയിട്ട യന്ത്രം കണക്കെ എ വിഭാഗത്തിന്‍റെ ഗ്രൂപ്പ് സംവിധാനങ്ങൾ ചലിക്കും. ഒപ്പം ഘടക കക്ഷികളുടെ ആവശ്യവും കൂടി പരിഗണിക്കപ്പെട്ടു. ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്. നിലവിലെ നേതൃത്വത്തോട് കലഹിച്ച് നിൽക്കുന്ന വി എം സുധീരൻ മുതൽ കെ മുരളീധരനും കെ സുധാകരനുമടക്കമുള്ള പ്രമുഖരെ കൂടി മുന്നണി പോരാളികളാക്കി അസംതൃപ്തരെ കൂടി ഉൾക്കൊണ്ട് പാർട്ടിക്കുള്ളിൽ യോജിപ്പിന്‍റെ തലം സൃഷ്ടിക്കാനും നേതൃത്വം ലക്ഷ്യമിടുന്നു.

മറുപക്ഷത്ത് മുഖ്യമന്ത്രി പദവിയിലേക്ക് കണ്ണ് വെച്ചിരിക്കുന്ന ചെന്നിത്തലക്കും കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. അതിനാൽ പ്രചാരണം നയിക്കാൻ ഉമ്മൻചാണ്ടി എത്തുന്നതിലെ താൽപര്യ കുറവ് തൽക്കാലം ഐ ഗ്രൂപ്പിനും പ്രകടിപ്പിക്കാനാവില്ല. സ്ഥാനാർഥി നിർണയം കൂടി ഈ സമിതിക്ക് കീഴിലാക്കുന്നതോടെ വിജയം ഉറപ്പാക്കേണ്ടത് മുതിർന്ന നേതാക്കളുടെ കൂട്ടുത്തരവാദിത്വമായി മാറും.

ഇതിനെല്ലാം അപ്പുറം ഇനിയും അയയാത്ത ക്രൈസ്ത വിഭാഗങ്ങളെ തിരികെ പാളയത്തിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം ഉമ്മൻചാണ്ടിയുടേത് കൂടിയാക്കി മാറ്റാനും ഹൈക്കമാന്‍ഡിനാകും.