നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിൽ നിരാശയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പുതുപ്പള്ളിയിൽ നിന്ന് വിജയിച്ച സ്ഥാനാർത്ഥിയുമായ ഉമ്മൻ ചാണ്ടി. പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിലയിരുത്തും. എന്താണ് സംഭവിച്ചതെന്നു പരിശോധിക്കും. സഹപ്രവർത്തകരുമായി ആലോചിച്ച് പോരാട്ടത്തോടെ മുന്നോട്ടുപോവുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പുതുപ്പള്ളിയിൽ തൻ്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അൻപതു വർഷം മുമ്പ് താൻ മത്സരിച്ചപ്പോൾ ചെറിയ ഭൂരിപക്ഷമാണ് ലഭിച്ചത്. അത് പിന്നീട് വർധിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇത് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചതാണ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016 നെ അപേക്ഷിച്ച് ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായിരുന്നു. 2016 ൽ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി വിജയിച്ചതെങ്കിൽ ഇത്തവണ 8,504 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മൻചാണ്ടിക്ക് ലഭിച്ചത്.
പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി പന്ത്രണ്ടാം തവണയാണ് ഉമ്മൻചാണ്ടി നിയമസഭയിൽ എത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് ഉമ്മൻചാണ്ടിയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. കേരളത്തിലാകെ ആഞ്ഞടിക്കുന്ന ഇടതു തരംഗത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയും ആടിയുലഞ്ഞു എന്നാണ് ഫലസൂചക വ്യക്തമാക്കുന്നത്.