Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകളോട് വിട്ടുവീഴ്ച വേണ്ടെന്ന് ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകളോട് വിട്ടുവീഴ്ച വേണ്ടെന്ന് ഹൈക്കമാന്‍ഡ്. വിജയം മാത്രം മാനദണ്ഡമെന്ന നിലപാടിലാണ് നേതൃത്വം. ചര്‍ച്ചകളില്‍ തീരുമാനം നീളുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെത്തേക്ക് നീണ്ടേക്കും. അതിനിടെ ഹൈക്കമാന്‍ഡിനെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്ത് എത്തി. യാഥാര്‍ത്ഥ്യ ബോധത്തോടെ ഇടപെടണമെന്നാണ് ഇരുവരുടെയും ആവശ്യം.

സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗങ്ങള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. നിലവില്‍ സിറ്റിംഗ് എംഎല്‍എമാരായ 21 പേരുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. അഞ്ചോളം ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍ ധാരണ ഉണ്ടായിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് മണ്ഡലങ്ങളുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.

മുന്‍പ് ഗ്രൂപ്പുകള്‍ തമ്മിലാണ് തര്‍ക്കമുണ്ടാകാറുള്ളതെങ്കിലും ഇത്തവണ ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങളോടാണ് എതിര്‍പ്പ്. ഗ്രൂപ്പുകള്‍ പറയുന്ന സ്ഥാനാര്‍ത്ഥികളല്ല ഹൈക്കമാന്‍ഡ് നടത്തിയ സര്‍വേകളിലുള്ളത്. ഇതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം.

വിജയം മാത്രം അടിസ്ഥാനമാക്കി നടത്തിയ സ്ഥാനാര്‍ത്ഥി പട്ടികയാണെന്ന് ഹൈക്കമാന്‍ഡ് വാദിക്കുമ്പോള്‍ തങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയ സാധ്യതെന്നാണ് ഗ്രൂപ്പുകളുടെ വാദം. ഗ്രൂപ്പുകള്‍ തമ്മിലുള്ള സീറ്റ് വീതംവയ്ക്കാലാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.