Kerala

പെരിയ കേസ്; ഖജനാവില്‍ നിന്നെടുത്ത പണം സിപിഐഎം തിരിച്ചടയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി

പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 5 പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ കേസിനു വേണ്ടി ഖജനാവില്‍ നിന്ന് ചെലവഴിച്ച 88 ലക്ഷം രുപ സിപിഐഎം തിരിച്ചടയ്ക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സംസ്ഥാനത്ത് ഒരു അഡ്വക്കേറ്റ് ജനറല്‍, ഒരു സ്‌റ്റേറ്റ് അറ്റോര്‍ണി, ഒരു ഡിജിപി രണ്ട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍, 2 അഡീഷണല്‍ ഡിജിപിമാര്‍ എന്നിവരും 150ഓളം പബ്ലിക് പ്രോസിക്യൂട്ടര്‍മാരും ഉള്ളപ്പോഴാണ് കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് മണിക്കൂറിന് ലക്ഷങ്ങള്‍ ഈടാക്കുന്ന അഭിഭാഷകരെ കൊണ്ടുവന്നത്.

പെരിയ കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ ജോലി നല്കിയതും വന്‍ വിവാദമായിരുന്നു. ശിലായുഗത്തിലാണ് ഇപ്പോഴും സിപിഐഎമ്മെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.