India Kerala

ചുവപ്പുനാടയില്‍ കുരുങ്ങിയ ജീവിതങ്ങള്‍ക്ക് വെളിച്ചം നല്‍കി; ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ നേതാവ്


ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനങ്ങളുടെ ഹൃദയ സ്പന്ദനമറിഞ്ഞ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. തന്റെ എഴുപതാം വയസില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന്, ഊണും ഉറക്കവും ത്യജിച്ച് ആയിരങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നീണ്ട മണിക്കൂറുകള്‍. ഉദ്യോഗസ്ഥര്‍ പോലും അമ്പരന്നുനിന്ന ജനസമ്പര്‍ക്ക പരിപാടി ഉമ്മന്‍ചാണ്ടിയെ ജനകീയനാക്കി.

പതിനായിരക്കണക്കിന് സാധാരണക്കാര്‍ കാത്തുനില്‍ക്കുന്നത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ഒരുനോക്ക് കണ്ട് തങ്ങളുടെ ജീവിതത്തില്‍ ഒരു തുള്ളി വെളിച്ചെത്തിക്കാനാണ്. പ്രായഭേദമന്യേ നൂറുകണക്കിന് രോഗികളും അക്കൂട്ടത്തിലുണ്ടായിരുന്നു. പലരും എത്തിയത് വീല്‍ചെയറില്‍. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദി അങ്ങനെ ആയിരക്കണക്കിന് ജീവിതങ്ങള്‍ക്ക് വെളിച്ചം നല്‍കി. ഓരോ ജില്ലയിലും നടത്തിയ ജനസമ്പര്‍ക്ക പരിപാടി അങ്ങനെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ എന്നന്നേക്കുമായി അടയാളപ്പെടുത്തുകയായിരുന്നു.

സജ്ജീകരിച്ച വേദികളില്‍ മാത്രം നിറയുന്നതായിരുന്നില്ല ആള്‍ക്കൂട്ടം. റോഡുകളും വഴിയോരങ്ങളും വെയിലും ചൂടും വകവയ്ക്കാതെ ആളുകള്‍ അപേക്ഷകളുമായി കാത്തുനിന്നത് ഉമ്മന്‍ചാണ്ടി എന്ന നേതാവില്‍ അടിയുറച്ച വിശ്വാസമായിരുന്നു. അങ്ങനെയാണ് 2013ലെ യുഎന്‍ഡിപിയുടെ യുണൈറ്റഡ് നേഷന്‍സ് പബ്ലിക് സര്‍വീസ് പുരസ്‌കാരം ഉമ്മന്‍ചാണ്ടിയെ തേടിയെത്തിയത്.

മുഖ്യമന്ത്രിയായിരിക്കെ 2005ലും 2011-16 കാലയളവിലും ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്ക് രാഷ്ട്രീയ ശത്രുക്കള്‍ തന്നെ പരിഹാസവും വിമര്‍ശനവും തൊടുത്തുവിട്ടപ്പോഴും ഉമ്മന്‍ചാണ്ടി പതറിയില്ല. മറുവാക്കുകള്‍ കേള്‍ക്കാതെ പരാതി പരിഹാരത്തിനായി തുനിഞ്ഞിറങ്ങിയ നേതാവിനെ ആര്‍ക്ക് പിന്തിരിപ്പിക്കാനാകും?. വില്ലേജ് ഓഫീസര്‍മാര്‍ എടുക്കേണ്ട പണി മുഖ്യമന്ത്രി ചെയ്യുന്നുവെന്ന് എല്‍ഡിഎഫും വിമര്‍ശിച്ചു. നീണ്ട ക്യൂ കാത്തിരുന്ന ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ നീണ്ടു. പക്ഷേ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും അവയ്ക്ക് പരിഹാരം കാണാനുമുള്ളതായിരുന്നു ഉമ്മന്‍ചാണ്ടിക്ക് ജനസമ്പര്‍ക്ക പരിപാടി. പ്രതിപക്ഷം മറുവശത്തിരുന്ന കല്ലെറിഞ്ഞപ്പോഴും തന്നെ കാണാനെത്തിയ ജനങ്ങളെ കണ്ടിട്ടേ വിശ്രമിച്ചുള്ളൂ ഉമ്മന്‍ചാണ്ടി. കക്ഷി രാഷ്ട്രീയമില്ലാതെ, ജാതിമത ഭേദമന്യേ, പ്രായഭേദമന്യേ ആയിരങ്ങള്‍ ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയത് മനുഷ്യത്വത്തിന്റെ രാഷ്ട്രീയം ഒന്നുകൊണ്ടുകൂടിയായിരുന്നു.