Kerala

നാലുവര്‍ഷത്തെ ഭരണനേട്ടം വിവരിക്കാന്‍ രണ്ട് കോടി ചെലവില്‍ സര്‍ക്കാരിന്‍റെ ലഘുലേഖ, പ്രവാസികളുടെ ക്വാറന്‍റൈന്‍ ചെലവ് വഹിക്കാനാവില്ല: വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

സുഭിക്ഷം, ഭദ്രം, സുരക്ഷിതം എന്ന തലക്കെട്ടിലാണ് ലഘുലേഖ.കോവിഡ് കാലത്ത് ആഘോഷമില്ലെന്ന് പറയുമ്പോഴാണ് 2 കോടി ചെലവിട്ട് നോട്ടീസ് അടിക്കുന്നത്. സിപിഎം ഭവനസന്ദര്‍ശനത്തിനാണ് ഈ ലഘുലേഖ ഉപയോഗിക്കുന്നത്.

സിപിഎമ്മിന്‍റെ ഭവന സന്ദര്‍ശന പരിപാടിക്ക് സര്‍ക്കാര്‍ ചെലവില്‍ ലഘുലേഖ അച്ചടിച്ചുവെന്ന് ഉമ്മന്‍ചാണ്ടി. രണ്ട് കോടി രൂപ ചെലവില്‍ അച്ചടിച്ച ലഘുലേഖയില്‍ സര്‍ക്കാറിന്‍റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് വിവരിക്കുന്നത്. പ്രവാസികളുടെ ക്വാറന്‍റൈന്‍ ചെലവ് വഹിക്കാനാവില്ലെന്ന് പറയുന്ന സര്‍ക്കാറാണ് ഇത്തരം ധൂര്‍ത്ത് നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

സുഭിക്ഷം, ഭദ്രം, സുരക്ഷിതം എന്ന തലക്കെട്ടിലാണ് ലഘുലേഖ. സര്‍ക്കാരിന്‍റെ 4 വര്‍ഷത്തെ പ്രവര്‍ത്തനം പറയുന്ന ലഖുലേഘ 75 ലക്ഷമാണ് അച്ചടിക്കുന്നത്. കോവിഡ് കാലത്ത് ആഘോഷമില്ലെന്ന് പറയുമ്പോഴാണ് 2 കോടി ചെലവിട്ട് നോട്ടീസ് അടിക്കുന്നത്. സിപിഎം ഭവന സന്ദര്‍ശനത്തിനാണ് ഈ ലഘുലേഖ ഉപയോഗിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങള്‍ ഇങ്ങനെ പോകുന്നു.

എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ 4 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്ത് കൊണ്ട് ഉമ്മന്‍ചാണ്ടി എഴുതിയ ലേഖനത്തിലാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രവാസികളുടെ ക്വാറന്‍റൈന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന് പറയുന്ന സര്‍ക്കാരിന് ഇത്തരം ധൂര്‍ത്തുകള്‍ ‍ ഒഴിവാക്കാനാവില്ലേ. സിപിഎം സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടുകയാണെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ബാറുകള്‍ തുറന്നത്, കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയത്, പറയാന്‍ തക്കമുള്ള വികസന പദ്ധതി ഇല്ലാത്തത് തുടങ്ങിവയാണ് സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍. യുഡിഎഫ് സര്‍ക്കാരിന്‍റെ ഓരോ മേഖലയിലെയും നേട്ടങ്ങള്‍ എണ്ണി പറഞ്ഞാണ് ഉമ്മന്‍ചാണ്ടി ലേഖനം എഴുതിയിരിക്കുന്നത്.