Entertainment Kerala

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പ്രതിപാദിക്കുന്ന ‘ദ അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ‘ദ അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പോസ്റ്റർ ചാണ്ടി ഉമ്മന് നൽകിയാണ് റിലീസ് ചെയ്തത്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതമാണ് ഡോക്യൂമെന്ററിയിൽ പ്രതിപാദിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി വന്‍ വിജയമാകുമെന്ന് വി.ഡി. സതീശന്‍ ആശംസിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പോലൊരു ഇതിഹാസത്തിന്റെ പേരിലുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതു ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു ഭാഷകളിലായാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലൊരുക്കിയ ഡോക്യുമെന്ററി ഈ മാസം 17നു റിലീസ് ചെയ്യും. മക്ബുല്‍ റഹ്‌മാന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്.

2020 സെപ്റ്റംബര്‍ 17നാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട ആഘോഷത്തിനു തുടക്കം കുറിച്ചത്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ അരങ്ങേറി.