HEAD LINES Kerala

ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസ്; പരാതിക്കാരി നൽകിയ ഹർജി കോടതി തള്ളി

ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസിൽ പരാതിക്കാരി നൽകിയ ഹർജി തള്ളി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐ റിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി.(Oomen chandy solar case)

കേസിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് റിപ്പോർട്ട് അംഗീകരിച്ചത്. ഉമ്മൻ ചാണ്ടിയ്ക്കെതിരായ ആരോപണങ്ങൾക്കു തെളിവില്ല എന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നൽകിയ ഹർജി തള്ളുകയും ചെയ്തിരുന്നു. 2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ ഘട്ടത്തിലാണു പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകിയത്.2021 ജനുവരിയിൽ കേസ് സിബിഐക്കു കൈമാറി.എന്നാൽ, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐയും കോടതിയിൽ റിപ്പോർട്ട് നൽകി.