Kerala

മാടമ്പ് കുഞ്ഞുകുട്ടന്‍ വിടവാങ്ങിയിട്ട് ഒരാണ്ട്

എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ ഓര്‍മദിനമാണിന്ന്. മാടമ്പിന്റെ നോവലുകളും കഥകളും മനുഷ്യജീവിതത്തിന്റ നേര്‍ചിത്രങ്ങളാണ്. അശ്വത്ഥാമാവ് മുതല്‍ എന്തരോ മഹാനുഭാവലു വരെയുള്ള രചനകള്‍ അതിന് ഉദാഹരണങ്ങളാണ്.

ഭാഷയിലെയും സമൂഹത്തിലെയും വ്യവസ്ഥാപിതമായ രീതികളെ ചോദ്യംചെയ്തുകൊണ്ടുളള എഴുത്തിനുടമയായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍. ആദ്യ നോവലായ അശ്വത്ഥാമാവ് മുതല്‍ അവസാന നോവലായ അമൃതസ്യ പുത്രഃ വരെയുള്ളവ ഇതിന് തെളിവാണ്. കപിലവസ്തുവിലെ രാജകുമാരനായിരുന്ന സിദ്ധാര്‍ത്ഥനില്‍ നിന്ന് തഥാഗതനായ ശ്രീബുദ്ധനിലേക്കുള്ള വളര്‍ച്ചയുടെ കഥ പറഞ്ഞ മഹാപ്രസ്ഥാനത്തിന് 1983ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മഹാപ്രസ്ഥാനത്തിനുശേഷം എഴുതിയ ഭ്രഷ്ടും ഏറെ ശ്രദ്ധേയമായി. അവിഘ്‌നമസ്തു, എന്തരോ മഹാനുഭാവലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം എന്നിങ്ങനെ നീളുന്നു മാടമ്പിന്റെ എഴുത്തുകള്‍.

1941 ജൂണ്‍ 23ന് തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ ജനിച്ച മാടമ്പ് ശങ്കരന്‍ നമ്പൂതിരി സംസ്‌കൃതവും ആനകളെ ചികിത്സിക്കാനുള്ള ഹസ്ത്യായുര്‍വേദവും പഠിച്ചു. സംസ്‌കൃതാധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുള്ള മാടമ്പ് ആകാശവാണിയിലും സേവനമനുഷ്ഠിച്ചു.

സിനിമയിലും സജീവമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടന്‍. സംവിധായകന്‍ ജയരാജിന്റെ ദേശാടനം, കരുണം, മകള്‍ക്ക് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് മാടമ്പായിരുന്നു. 2000ല്‍ ഇറങ്ങിയ കരുണത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം മാടമ്പിനെ തേടിയെത്തി. ഇതിനുപുറമെ സഫലം, ഗൗരീശങ്കരം എന്നീ ചിത്രങ്ങള്‍ക്കും മാടമ്പ് കുഞ്ഞുക്കുട്ടന്‍ തിരക്കഥയൊരുക്കി. ആറാം തമ്പുരാന്‍, അഗ്‌നിസാക്ഷി എന്നിവയടക്കം ഒരുപിടി ചിത്രങ്ങളില്‍ അഭിനേതാവായും വേഷമിട്ടു. ശബ്ദത്തിലെ പ്രത്യേകത മാടമ്പിന്റെ അഭിനയത്തിന് പ്രത്യേക ചാരുത നല്‍കി.