തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ഒരു ആനകൂടി ചരിഞ്ഞു. നാല് വയസുള്ള അർജുൻ എന്ന ആനയാണ് ഹെർപിസ് വൈറസ് ബാധിച്ച് ചരിഞ്ഞത്. കഴിഞ്ഞ ദിവസം കോട്ടൂരിൽ ഹെർപിസ് ബാധിച്ച് ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞിരുന്നു.
മഹാമാരി പോലെ ആനകളിൽ പടർന്നുപിടിക്കുന്നതാണ് ഹെർപിസ് വൈറസ്. ഇതുവരെ വാക്‌സിൻ കണ്ടു പിടിച്ചിട്ടില്ല. രക്ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെർപിസ്. തൊലി നശിക്കുമ്പോൾ രക്തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങുകയും ഇതോടെ ഓക്‌സിജൻ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങുകയാണ്. വൈറസ് ബാധയേറ്റാൽ കുട്ടിയാനകൾ 48 മണിക്കൂറിനിടെ ചാകുമെന്നാണ് വിവരം. വലിയ ആനകളിൽ ഇത് പനിയായി മാറുമെങ്കിലും ജീവൻ നഷ്ടപ്പെടില്ല. ഇവയുടെ തുമ്പിക്കയ്യിലൂടെ പുറത്തു വരുന്ന സ്രവങ്ങൾ വഴി വൈറസ് പടർന്ന് പിടിച്ചേക്കാം.