മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത ക്രൈം ബ്രാഞ്ച്. കിളിമാനൂർ സ്വദേശി സന്തോഷ് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പുരാവസ്തു നൽകി വഞ്ചിച്ചെന്നാണ് പരാതി. ഇതോടെ മോൻസണെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി.
അതേസമയം മോൻസൺ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. പാലാ സ്വദേശി രാജീവിന്റെ പരാതിയിൽ ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ പീഡനക്കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. മോന്‍സണ്‍ മാവുങ്കലിന്റെ ബിസിനസ് പങ്കാളിയുടെ മകന്‍ ശരതിനെതിരായ പീഡനപരാതിയിലും അന്വേഷണം വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തനിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. പരാതിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
ആലപ്പുഴ സ്വദേശിയും മോന്‍സന്റെ ബിസിനസ് പങ്കാളിയുമായ ശരതിനെതിരെ പെണ്‍കുട്ടി ഏഴുമാസം മുന്‍പ് പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ മോന്‍സണും ശരതും പെണ്‍കുട്ടിയെ പലതവണ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനുവഴങ്ങാതെ വന്നതോടെയാണ് മോന്‍സണ്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത്.