Kerala

കരിപ്പൂര്‍ സ്വര്‍ണക്കടത്തിന് അകമ്പടി പോയ ഒരു കാര്‍ കൂടി കണ്ടെത്തി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരു കാര്‍ കൂടി കസ്റ്റംസ് കണ്ടെത്തി. അര്‍ജുന്‍ ആയങ്കിയുമായി അടുപ്പമുള്ളയാളുടെ കാറാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വര്‍ണക്കടത്തിന് അകമ്പടി പോയ കാറാണ് കണ്ടെത്തിയത്. അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പ്രണവ് എന്നയാളാണ് ഈ കാറോടിച്ചിരുന്നത്. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാര്‍ കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി വികാസിന്റേതാണ്.

അതിനിടെ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് കസ്റ്റംസ്. ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. അര്‍ജുന്‍ ആയങ്കി അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി. അര്‍ജുന്റെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുന്നത്. അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്.