അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകാൻ സർക്കാർ തീരുമാനം. ഇതോട മന്ത്രിമാർക്ക് പുറമേ ക്യാബിനറ്റ് പദവി ലഭിക്കുന്നവരുടെ എണ്ണം അഞ്ചായി. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് അധികച്ചെലവുണ്ടാക്കുന്ന സർക്കാർ തീരുമാനം.
ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് അഡ്വക്കേറ്റ് ജനറൽ സി.പി സുധാകർ പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചത്. നിയമവകുപ്പിന്റെ ശിപാർശ പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ നടപടി. സുപ്രധാന ഭരണഘടന സ്ഥാപനമെന്ന നിലയിൽ എ.ജിക്ക് ക്യാബിനറ്റ് പദവിയ്ക്ക് അർഹതയുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മന്ത്രിമാർക്ക് പുറമേ ക്യാബിനറ്റ് പദവി ലഭിക്കുന്ന അഞ്ചാമത്തെയാളാണ് എജി.
നേരത്തെ ഭരണപരിഷ്കാരകമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ, മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിളള, സർക്കാർ ചീഫ് വിപ്പ് ആർ രാജൻ, ഡൽഹിയിലെ സംസ്ഥാന സർക്കാറിന്റെ പ്രതിനിധി എ.സമ്പത്ത് എന്നിവർക്ക് ക്യാബിനറ്റ് റാങ്ക് നൽകിയിരുന്നു. ഭരണഘടന പദവി വഹിക്കുന്നതിനാൽ എജിക്ക് ഇപ്പോൾത്തന്നെ സവിശേഷ അധികാരങ്ങളുണ്ട്.
ഇതിന് പുറമേയാണ് ക്യാബിനറ്റ് പദവികൂടി നൽകുന്നത്. നേരത്തെ തന്നെ ഇക്കാര്യത്തിൽ ധാരണയായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് എതിർപ്പുയുർന്നതിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.