ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി. മുഖ്യപ്രതിയായ മുഹമ്മദ് റോഷനൊപ്പം പിടിയിലായ അനന്തു, വിപിന്‍, പ്യാരി എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ചുമത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
രാജസ്ഥാൻ സ്വദേശിനിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിലായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ സ്വദേശി പ്യാരിയാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തും. മുഖ്യപ്രതി റോഷനും പെണ്‍കുട്ടിക്കുമായി പോലീസ് ബംഗളുരു കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
കളിമണ്‍ ശില്‍പ നിർമ്മാതാക്കളായ രാജസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. വലിയകുളങ്ങരയിൽ ഇവർ താമസിച്ചിരുന്ന ഷെഡിന് മുന്നിലെത്തിയ നാലംഗ സംഘം പിതാവിനെ മർദിച്ച ശേഷം പതിമൂന്നുകാരിയായ കുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. ഈ സംഘത്തിന് നേതൃത്വം നൽകിയ പ്യാരിയെയാണ് പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ഗുണ്ടാനിയമമായ കാപ്പ ചുമത്തും. ക്രിമിനൽ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന് ഇയാൾ നേതൃത്വം നൽകിയത്.
പ്യാരി പിടിയിലായതോടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലായി. സംഘത്തിലുണ്ടായിരുന്ന അനന്തു, വിപിൻ എന്നിവരെ ചൊവ്വാഴ്ച വൈകിട്ടോടെ പിടികൂടിയിരുന്നു. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയുമാണ് ഇനി കണ്ടെത്താനുള്ളത്. ഇവർ ബാംഗളൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബാംഗളൂരില്‍ ക്യാമ്പ് ചെയ്യുകയാണ്. എന്നാല്‍ പ്രതിയെ കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.