കെ.എസ്.ആർ.ടി.സിക്ക് ഇത് വറുതിയുടെ ഓണക്കാലം. ജീവനക്കാർക്ക് ശമ്പളവും ബോണസും നൽകാൻ പണമില്ലാത്ത അവസ്ഥയാണ്. അതിനിടെ പൊലീസിൽ നിന്ന് ഡപ്യൂട്ടേഷനിൽ എത്തിയ വിജിലൻസ് എസ്.പിക്ക് രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്ന് മുഴുവൻ ശമ്പളവും നൽകിയതായി ആക്ഷേപമുണ്ട്.
33,000 വരുന്ന ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടത് 80 കോടി രൂപയാണ്. ഓണം ബോണസ് നൽകണമെങ്കിൽ അധികമായി 30 കോടി രൂപ വേണ്ടി വരും . സർക്കാരിനോട് ആവശ്യപ്പെട്ടത് 42 കോടി. കെ.എസ്.ആർ.ടി.സി എം.ഡിയുടെ കത്ത് കിട്ടിയ ഉടൻ ധനവകുപ്പ് അത് തളളി. എന്നാൽ സർക്കാരിൽ നിന്ന് പണം നേടിയെടുക്കുന്നതിൽ മാനേജ്മെന്റിന് വീഴ്ച വന്നു വെന്നാണ് യൂണിയനകളുടെ പരാതി. ജീവനക്കാർക്ക് ശമ്പളം കൊടുത്തില്ലെങ്കിലും വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർക്ക് മാത്രം മുഴുവൻ ശമ്പളവും നൽകി മാനേജ്മെന്റ് മാതൃകയായി.
പ്രളയത്തെ തുടർന്ന് കഴിഞ്ഞ് മാസം വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. 185 കോടി മാത്രമാണ് ആഗസ്റ്റ് മാസത്തെ വരുമാനം. ശമ്പള കാര്യത്തിൽ വേണ്ട ഇടപെടൽ ഉണ്ടായില്ലെങ്കിൽ സർക്കാരിനെതിരെയും മാനേജ്മെമെന്റിനെതിരെയും സമരം തുടങ്ങുമെന്നാണ് എ.ഐ.ടി.യു.സി അടക്കമുള്ളവരുടെ മുന്നറിയിപ്പ്.