Kerala

ചിങ്ങം പിറന്നു: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ എത്തും

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്റെ പാക്കിങ് പൂര്‍ത്തിയായി വരുന്നതായി സപ്ലൈകോ അറിയിച്ചു. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് കിറ്റില്‍ വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. ആദ്യം എ എവൈ കാര്‍ഡുകാര്‍ക്കാണ് കിറ്റ് നല്‍കുന്നത്. തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. നിശ്ചയിച്ച തീയതിക്ക് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അവസാന നാലുദിവസം കിറ്റ് വാങ്ങാം.

ഇത്തവണ കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്‌സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി 12 കോടി രൂപയുടെ ഓര്‍ഡറാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്. നേന്ത്രക്കായ ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാര്‍ പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിര്‍മ്മാണവും പാക്കിംഗും നടന്നത്.

445 കോടി ചെലവാണ് കിറ്റിനായി ആകെ കണക്കുകൂട്ടുന്നത്. ഓണത്തിന് മുന്‍പ് എല്ലാവരിലേക്കും കിറ്റ് വിതരണം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കൂടാതെ ആഗസ്റ്റ് 27ന് ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഓണം ഫെയറുകളും സംഘടിപ്പിക്കും.

അതേസമയം സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലും സെപ്തംബര്‍ 1 മുതല്‍ 8 വരെ നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പച്ചക്കറിയും ലഭ്യമാക്കും. ഓണം വിപണയില്‍ സപ്ലൈക്കോ ഇടപെടല്‍ ഇത്തവണ കാര്യമായി ഉണ്ടാവുമെന്നും റേഷന്‍ വ്യാപാരികള്‍ കിറ്റ് വിതരണം സേവനമായി കാണണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.