ഓണം വിപണിയിൽ പൂവിന് തീ വില. കഴിഞ്ഞ വർഷത്തേക്കാൾ പൂവിന് ഇരട്ടിവിലയാണ് വിപണിയിൽ. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ്. റോസിന് 600 രൂപയായി. വയലറ്റ് പൂവിന് കിലോയ്ക്ക് 700 രൂപയാണ് വില.
വില ഉയരാൻ കാരണമെന്തെന്ന് ചോദിച്ചപ്പോൾ കോഴിക്കോട് മാർക്കറ്റിലെ വ്യാപാരി പറഞ്ഞതിങ്ങനെ :
പൂവില ഉയരാൻ ഒരു കാരണം മഴയാണ്. മറ്റൊന്ന് കൊവിഡ് തന്നെ. കൊവിഡ് കാരണം ആർക്കും വരാനും പോകാനുമൊന്നും സാധിക്കുന്നില്ല. മുൻപ് നൂറ് കച്ചവടക്കാർ പൂവിനായി പോവുമായിരുന്നുവെങ്കിൽ ഇന്ന് പത്തായി ചുരുങ്ങി. അവർ കൊണ്ടുവരുന്ന പൂക്കളാണ് വിൽപനയ്ക്കായി വയ്ക്കുന്നത്.
ഓണപ്പൂക്കളത്തിനായി കൂടുതലും ഉപയോഗിക്കുന്നത് ജമന്തിയും വയലറ്റ് പൂവും തന്നെയാണ്. ഈ പൂക്കൾക്ക് വില കൂടുന്നത് സാധാരണക്കാരന് പൂക്കളമൊരുക്കുന്നതിന് പ്രതിസന്ധിയാകും. പൂക്കളത്തിനായി ഉപയോഗിച്ചുവരുന്ന മറ്റ് പൂക്കളായ ബന്ദി, മുല്ല തുടങ്ങിയവയ്ക്കും വില ഇരട്ടി തന്നെ.