ഓണാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജനക്കൂട്ടം അനുവദിക്കാത്ത തരത്തിലുള്ള നിയന്ത്രണം കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. മുഹറം, ജന്മാഷ്ടമി, ഗണേശചതുര്‍ത്ഥി, ദുര്‍ഗാപൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ നാല്പത് ശതമാനത്തിനടുത്ത് കേരളത്തില്‍ നിന്നുള്ള സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍. ഓണം പ്രമാണിച്ച് ആളുകള്‍ നിരത്തിലിറങ്ങുന്നത് കൊവിഡ് വ്യാപനം കൂട്ടും. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ സൂപ്പര്‍ സ്‌പ്രെഡ് ആകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഏത് സാഹചര്യത്തിലും ജനങ്ങള്‍ നിരത്തുകളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം. ഇതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. അതേസമയം ഓണം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളോടുകൂടി കേരളത്തിന് മാത്രമായി പ്രത്യേക ഇളവുകള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.