മഹാമാരിക്കാലത്തും ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍; കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയില്ല
മലയാളിക്കിന്ന് അത്തം. ഇനിയുള്ള പത്ത് നാൾ മഹാമാരിക്കാലത്തെ തിരുവോണത്തിനായുള്ള കാത്തിരിപ്പ്. പതിവുകാലത്തെ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി ഓണമെത്തുന്നത്.
എപ്പോഴും നമ്മൾ പറയും ഗൃഹാതുരതയുടെ ഓർമ്മയുണർത്തുന്ന ഓണക്കാലത്തെ കുറിച്ച്. ഇത്തവണ അത് വെറും പറച്ചിൽ മാത്രമല്ല. വീട്ടിലേക്കൊതുങ്ങുകയാണ് ഈ ഓണക്കാലം. ഓർമ്മകളിലെ ഓണത്തിന് വിട നൽകി. പൂ തേടി പറമ്പിലും തൊടിയിലും കൂട്ടംകൂടിയലയുന്ന കുട്ടിക്കാലത്തിന്‍റെ കാഴ്ച നഷ്ടമാകുന്ന ഓണം. കുഞ്ഞി കൈകൾ പൂ തേടുന്നത് വീട്ടുമുറ്റത്തെ ചെടികളിൽ മാത്രമാകുന്നു. പതിവ് പോലെ തുമ്പയും മുക്കുറ്റിയും കൃഷ്ണകിരീടവും ചെമ്പരത്തിയുമെല്ലാം കോവിഡൊന്നുമില്ലാതെ പൂത്ത് നില്‍പ്പുണ്ട്.
മാവേലി മന്നൻ ഭരിച്ചിരുന്ന സമത്വസുന്ദരമായ കാലത്തിന്‍റെ ഓർമ്മയിൽ മുറ്റത്തും ഉമ്മറത്തും പൂക്കളങ്ങൾ നിറയും. ഏത് മഹാമാരിക്കാലത്തും ഇതെല്ലാമാണ് നാളേക്കുള്ള പ്രതീക്ഷ. ആശങ്കപ്പെടുത്തുന്ന കോവിഡ് രോഗം മുന്നിലുണ്ടെങ്കിലും ഇനി പത്ത് നാള്‍ പൂക്കളം തീര്‍ക്കുന്ന മനോഹാരിത പോലെ നല്ല നാളെയ്ക്കായുള്ള കാത്തിരിപ്പാണ്.
ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന അത്തം ഘോഷയാത്രയില്ലാതെ കടന്നുപോകുകയാണ് ഇത്തവണ തൃപ്പൂണിത്തുറ നഗരം. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കുറി ഘോഷയാത്ര വേണ്ടെന്ന് വച്ചത്. എങ്കിലും ഇന്ന് രാവിലെ 9 ന് തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ അത്തപ്പതാക ഉയര്‍ത്തും. എം സ്വരാജ് എംഎല്‍എയാണ് അത്തപ്പതാക ഉയര്‍ത്തുക. ഹില്‍പ്പാലസില്‍ കൊച്ചി രാജകുടുംബാംഗങ്ങളില്‍ നിന്ന് ഇന്നലെ നഗരസഭാ അധികൃതര്‍ അത്തപ്പതാക ഏറ്റുവാങ്ങിയിരുന്നു.