Association Kerala Pravasi Switzerland

ജനനായകന്റെ ജ്വലിക്കുന്ന ഓർമ്മകളുമായി സ്വിസ്സ്‌ പ്രവാസി മലയാളീ സമൂഹം മണ്മറഞ്ഞ ശ്രീ ഉമ്മൻ ചാണ്ടിക്ക് ജൂലൈ 27 നു സൂറിച്ചിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

കേരളാ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവും അതിലേറെ ജനകീയ നായകനുമായ രാഷ്ട്രീയ അതികായൻ ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സ്വിസ്സ് മലയാളി സമൂഹം ജൂലയ് 27 ന് വൈകുന്നേരം ഷ്ളീറൻ പാർക്ക് ഹാലേയിൽ യോഗം ചേർന്ന് തങ്ങളുടെ പ്രിയ നേതാവിന് അനുശോചനം രേഖപ്പെടുത്തി.

വിവിധ മേഖലകളിലെ നിരവധി മലയാളി സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഏവർക്കും സ്നേഹാദരങ്ങളറിയിച്ചു കൊണ്ട് മോഡറേറ്ററായിരുന്ന ജൂബിൻ ജോസഫ് പ്രിയ നേതാവിന് പ്രണാമമർപ്പിച്ചു.

യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ശ്രീ ജോയ് വില്ലന്താനം ചുറ്റും പ്രകാശം പരത്തി ഉരുകിത്തീരുന്ന ഒരു മെഴുകുതിരിയുടെ ജ്വലിക്കുന്ന സ്നേഹത്തോടാണ് ചാണ്ടി സാറിനെ ഉപമിച്ചത്.യോഗത്തിന് മുൻപാകെ സമർപ്പിച്ചു അനുസ്മരണ പ്രമേയത്തിലൂടെ ഉമ്മൻ ചാണ്ടി എന്ന നേതാവിൻ്റെ ജീവിത വഴികളിലെ സ്നേഹാർദ്രമായ നിമിഷങ്ങളെ ആഴത്തിൽ സ്പർശിച്ച ശ്രീ ടോമി തൊണ്ടാംകുഴി അദ്ദേഹത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ സ്മരണാജ്ഞലിയർപ്പിച്ചു.

ശ്രീ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണാർത്ഥം പ്രദർശിപ്പിച്ച ചാണ്ടി സാറിൻ്റെ ഓർമ്മകൾ എന്ന വീഡിയോ പ്രസൻ്റേഷൻ അക്ഷരാർത്ഥത്തിൽ ഏവരുടെയും മിഴികളെ ഈറനണിയിച്ചു.പുതുപ്പള്ളി മണ്ഡലം പ്രതിനിധിയായ ശ്രീ ജോബിൻസൻ കൊറ്റത്തിൽ ഉമ്മൻ ചാണ്ടി സാറിൻ്റെ ത്യാഗോജ്വലമായ പൊതുപ്രവർത്തനത്തെ വിവരിച്ചുകൊണ്ട് അദ്ദേഹവുമൊത്തുള്ള മരിക്കാത്ത ഓർമ്മകൾ പങ്കുവച്ചു.

തുടർന്ന് സ്വിറ്റ്സർലണ്ടിൻ്റെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബി ഫ്രണ്ട്സിനു വേണ്ടി ശ്രീ ബോബ് തടത്തിൽ, WMC ക്ക് വേണ്ടി ശ്രീ സുനിൽ ജോസഫ്, കേളീ സ്വിസ്സിന് വേണ്ടി ശ്രീ പയസ്സ് പാലത്രക്കടവിൽ, ഭാരതീയ കലാലയത്തിന് വേണ്ടി ശ്രീ ജോസഫ് പാറുകാണിൽ, ഇൻഡോ സ്വിസ്സ് സ്‌പോർട്സ് ക്ലബ്ബിനുവേണ്ടി ശ്രീ പ്രിൻസ് കാട്രുകുടിയിൽ, പ്രവാസി കേരളാ കോൺഗ്രസ്സ് (M) പ്രസിഡൻ്റ് ജയിംസ് തെക്കേമുറി, കേരളാ കോൺഗ്രസ്സ്(J) പ്രതിനിധി ബോസ് മണിയംപ്രയിൽ, light in life ന് വേണ്ടി ശ്രീ ജോർജ്ജ് നടുവത്തേട്ട് എന്നിവർ ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിനെ സ്മരിച്ചു കൊണ്ട് സംസാരിച്ചു.

ഉമ്മൻ ചാണ്ടിയെന്ന മനുഷ്യ സ്നേഹിയുടെ ജീവിതം ഒരു തുറന്ന പാഠപുസ്തകമാണെന്നും വരും നാളിൽ അത് വിദ്യാർത്ഥികൾക്ക് പഠനവിഷയമാക്കേണ്ട ഒന്നാണെന്നും IOC Swiss പ്രതിനിധി ശ്രീ ജോയ് കൊച്ചാട്ട് പറഞ്ഞു.മുൻ എംബസ്സി ഉദ്യോഗസ്ഥനായ ശ്രീ ജോസഫ് തുടിയം പ്ളാക്കിൽ തൻ്റെ ഔദ്യോഗിക ജീവിതത്തിൽ ഉമ്മൻ ചാണ്ടിയുമായ് ഇട പഴകിയതിൻ്റെ ഓർമ്മകൾ പങ്ക് വച്ചപ്പോൾ ചാണ്ടി സാറിൻ്റെ ബന്ധുവായ ശ്രീ മോഹൻ ഫിലിപ്പിൻ്റെ വാക്കുകൾ വികാരനിർഭരമായിരുന്നു.ശ്രീ ജോർജ് മഞ്ഞളിയും കൂടാതെ പുതുപ്പള്ളി മണ്ഡലം പ്രതിനിധിയായ ജോഷി താഴത്തുകുന്നേലും സംസാരിച്ചു .

യോഗ മദ്ധ്യേ ബഹുമാനപ്പെട്ട ശ്രീ ചാണ്ടി ഉമ്മൻ വീഡിയോ കോളിലൂടെ തൻ്റെ പിതാവിനെ ഇത്രമേൽ സ്നേഹിക്കുന്ന സ്വിസ്സ് മലയാളി സമൂഹത്തോട് തനിക്കുള്ള നന്ദിയും സ്നേഹവും അറിയിച്ചു.മഹാനായ ആ മനുഷ്യ സ്നേഹിയുടെ പാത പിൻതുടരാൻ നമുക്കാകട്ടെ എന്ന് പറഞ്ഞ് കൊണ്ട് അനുശോചന യോഗത്തിൽ പങ്കെടുത്ത ഏവർക്കും യോഗത്തിൻ്റെ സംഘാടകർക്കും ശ്രീ ടോമി വിരുത്തിയേൽ നന്ദിയറിയിച്ചു.

കേരള രാഷ്ട്രീയത്തെ രണ്ട് ഏഡുകളായ് പകുത്ത് മാറ്റിയ മനുഷ്യ സ്നേഹിയായ ജനകീയ നായകൻ്റെ മഹാത്തായ ഓർമ്മകൾക്കു മുൻപിൽ ശതകോടി പ്രണാമമർപ്പിച്ചു കൊണ്ട് യോഗം അവസാനിച്ചു.

REPORT BY -JUBIN JOSEPH