Kerala

കൊവിഡ് വ്യാപനം രൂക്ഷം; കേരളം നിയന്ത്രണങ്ങളിലേക്ക്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരുമെന്നാണ് മന്ത്രിസഭാ യോ​ഗത്തിന്റെ തൂീരുമാനം. കർശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ( omicron restrictions kerala )

വർധിച്ച് വരുന്ന കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ആശുപത്രികൾ സജ്ജ്‌മാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യത്തിന് ഐസിയു, വെന്റിലേറ്റർ എന്നിവയുടെ സൗകര്യമുണ്ട്. രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറവെന്നാണ് വിലയിരുത്തൽ.

അതേസമയം, കേരളത്തിൽ നിലവിൽ പടർന്ന് പിടിക്കുന്നത് ഒമിക്രോണും ഡെൽറ്റയുമാണെന്ന് ആര​ഗ്യ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ക്ലസ്റ്ററുകൾ ആകുന്ന സ്കൂളുകൾ അടച്ചിടുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കേരളത്തിൽ ഇന്നലെ 28,481 പേരക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂർ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂർ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസർഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 83 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി. സംസ്ഥാനത്തെ ടിപിആർ നിരക്ക് 35. 27 ശതമാനമായത് വലിയ ആശങ്കകൾക്കാണ് വഴിയൊരുക്കുന്നത്.