Kerala

ഒമിക്രോൺ : കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.ക്രിസ്തുമസ് ന്യൂ-ഇയർ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദ്ദേശമിറക്കിയേക്കും. ക്‌ളസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള സാമ്പിൾ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.രോഗവ്യാപനം തടയുന്നതിന് വിമാനത്താവളങ്ങളിലെ നിലവിലുള്ള പരിശോധന സംവിധാനങ്ങളിൽ പുതിയ ക്രമീകരണം ഏർപ്പെടുത്താനും ആലോചനയുണ്ട്. ( omicron kerala alert )

സംസ്ഥാനത്ത് ഇന്നലെ അഞ്ചു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ ഒമിക്രോൺ രോഗ ബാധിതരുടെ എണ്ണം 29 ആയി ഉയർന്നു. അതേസമയം തമിഴ്‌നാട്ടിൽ കേസുകൾ ഉയരുന്നതും ആശങ്കയാകുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോൺ വകഭേദം കണ്ടെത്തിയവരുടെ എണ്ണം വർധിക്കുകയാണ്. തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 33 പേർക്ക് രോഗം കണ്ടെത്തി. സംസ്ഥാനത്ത് ഇതുവരെ 34 പേർക്കാണ് കൊവിഡ് വകഭേദം കണ്ടെത്തിയത്. മൂന്നുപേർ ആശുപത്രി വിട്ടു.കൂടുതൽ പരിശോധനകളും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയാറാക്കലും നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി എം. മുസുബ്രഹ്മണ്യൻ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ യോഗം ചേരും.

കർണാടകയിൽ 12 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കൊവിഡ് വകഭേദം കണ്ടെത്തിയവരുടെ എണ്ണം 31 ആയി. തെലങ്കാനയിൽ 14 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗികളുടെ എണ്ണം 38 ആയി. ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആന്ധ്രാപ്രദേശിൽ ഒമിക്രോൺ ബാധിതരുടെ രണ്ടായി.