ഇത് പഴയ കഥയാണ്. നെഞ്ചിൽ കുത്തുന്ന തണുപ്പേറ്റ് വരുന്നവരുടെ വെളിച്ചം.തിരുവനന്തപുരത്തിന്റെ വടക്കൻ അതിർത്തിയിലുള്ളവർ അയാളെ ഓംലെറ്റ് ശശിയണ്ണനെന്ന് വിളിച്ചു. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്ന ഒരു മനുഷ്യനാണ് ശശി .തിരുവനന്തപുരം വെമ്പായത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ ടോർച്ചുകളും മണ്ണെണ്ണ വിളക്കുമായി അർധരാത്രി വരെ തട്ടുകട നടത്തിയ ശശി ഇന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്.
പതിറ്റാണ്ടുകൾ രുചി വിളമ്പിയാണ് ആ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി ഈ മനുഷ്യൻ മാറിയത്. സമയമാണ് ഇവിടുത്തെ ഹൈലൈറ്റ്. രാത്രിയിൽ ഉണർന്നിരിക്കുന്ന കട.
ആദ്യം ഇരുട്ടിൽ വെളിച്ചം തെളിച്ചായിരുന്നു. ഇപ്പോൾ കറണ്ട് കിട്ടി ശശിയണ്ണൻ വെളിച്ചത്ത് രുചി വിളമ്പി തുടങ്ങി.
വലിയ പ്രാരാബ്ദങ്ങളില്ലെങ്കിലും എന്തിനാണ് ഈ കഷ്ടപ്പാടെന്ന് ചോദിക്കാറുണ്ട് പലരും.
മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണ്ടല്ലോ,മക്കളെയൊന്നും ആശ്രയിക്കാതെ പോകുന്നകാലം വരെ ഇങ്ങനെ തുടരാനാണ് താത്പര്യമെന്നാണ് ശശിയണ്ണന്റെ മറുപടി.ഒരു ഗ്രാമത്തിന് മാത്രമല്ല,അറിഞ്ഞും പറഞ്ഞും കേട്ടു വരുന്നവർക്കെല്ലാം ശശിയണ്ണൻ മാന്ത്രികനാണ്.