സിനിമ പ്രദര്‍ശനം പൂര്‍ണമായി ഡിജിറ്റലായതോടെ വിസ്മൃതിയിലായ പഴയകാല പ്രൊജക്ഷന് സംവിധാനത്തെ തിരിച്ചെത്തിച്ച് ഗൃഹാതുര സ്മരണകള്‍ വീണ്ടെടുക്കുകയാണ് രാജ്യാന്തര ചലച്ചിത്ര മേള. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കുന്ന 173 ചിത്രങ്ങളില്‍ ഫിലിം പ്രിന്റ് മാത്രമുള്ള മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് കലാഭവന്‍ തിയറ്ററിലെ 35mm പ്രൊജക്ടറിലൂടെയാണ്.
പ്രൊജക്ഷന് രംഗത്ത് ഡിജിറ്റല്‍ സംവിധാനം സമ്പൂര്‍ണ ആധിപത്യം നേടിയിട്ട് പന്ത്രണ്ട് വര്‍ഷമായിട്ടേയുള്ളൂ. അതിന് മുമ്പത്തെ സിനിമാ പ്രദര്‍ശനം എങ്ങനെയെന്നത് ഒരു പക്ഷെ പുതുതലമുറയ്ക്ക് അന്യമായിരിക്കും. മണ്മറഞ്ഞ പ്രതിഭകളായ നെടുമുടി വേണു, പി ബാലചന്ദ്രന് തുടങ്ങിയവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും പഴയകാല പ്രൊജക്ടര്‍ ഉപയോഗിച്ചുളള പ്രദര്‍ശനത്തില്‍ iffkയില്‍ ഉള്‍പ്പെടുന്നുണ്ട്.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നവയില്‍ മൂന്ന് സിനിമകള്‍ക്ക് ഫിലിം പ്രിന്റ് മാത്രമാണുള്ളത്. പി.ബാലചന്ദ്രന് സംവിധാനം ഇവന് മേഘരൂപന്‍,നെടുമുടി വേണുവിന്റെ മാര്‍ഗം, ഫ്രഞ്ച് ചിത്രം കിലോമീറ്റര്‍ സീറോ എന്നിവയാണ് അവ. ഏതാണ്ട് മൂന്നര പതിറ്റാണ്ട് മുമ്പ് കലാഭവന്‍ തിയറ്ററില്‍ സ്ഥാപിച്ച ഫോട്ടൊ ഫോണിന്റെ 35mm പ്രൊജക്റ്റര്‍ ഇതിന് വേണ്ടി മാത്രം കെഎസ്എഫ്ഡിസി പൊടിതട്ടിയെടുത്ത് മേളയ്ക്ക് നാലഞ്ച് ദിവസം മുമ്പ് വര്‍ക്കിംഗ് കണ്ടീഷനാക്കി പുനസ്ഥാപിച്ചിട്ടുണ്ട്.
റീല്‍പെട്ടിയും സ്പൂളും ഫിലിം റീലും ആര്‍ക് ഹൗസുമെല്ലാം പഴയ സെല്ലുലോയിഡ് കാലത്തിന്റെ മധുരമുള്ള വീണ്ടെടുപ്പ് കൂടെയാണ്. ഡിജിറ്റലിന് ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലുംകണ്ട്, ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ ആ ആഴത്തില്‍ കാണാനാവുക അനലോക് പ്രൊജക്ഷന് വഴിയാണെന്നാണ് ഛായാഗ്രാഹകര്‍ പറയുന്നത്.