Kerala

ഇന്ധന വില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി; രാജ്ഭവന് മുന്നിൽ മുല്ലപ്പള്ളിയുടെ സമരം

ഇന്ധനവില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ വിലയാകട്ടെ 89.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപയിലെത്തി. 85.51 രൂപയാണ് ഡീസല്‍ വില. കോഴിക്കോട് പെട്രോളിന് 89 രൂപ 78 പൈസയും ഡീസലിന് 84 രൂപ 39 പൈസയുമായി വര്‍ധിച്ചു.

സര്‍വകാല റെക്കോഡിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതക സിലിണ്ടറിന്‍റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് പാചക വാതകത്തിന് വില കൂട്ടിയത്.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന് മുന്നിൽ സമരം നടത്തി. സത്യാഗ്രഹ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഇന്ധന വില വർധനവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സംസ്ഥാനം അധിക നികുതി വേണ്ടെന്നു വച്ച് മനുഷ്യത്വം കാണിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. മോദിക്കും പിണറായിക്കും ജനങ്ങളുടെ ദു:ഖം കാണാനാകില്ലെന്നും ജനങ്ങളോട് ഒരു കൂറുമില്ലാത്തവരാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.